About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Saturday, 22 October 2011

പുസ്തകമേള..!!


ഇന്നലെ സുഹൃത്തിനൊപ്പം ഒരു പുസ്തകമേളയില്‍ പോയി.ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് ചായ വാങ്ങിത്തരാം എന്ന അവന്റെ പ്രലോഭനത്തോടൊപ്പം അവന്‍ എഴുതിയ ഒരു പുസ്തകം അവിടെ ഉണ്ട് എന്നത് കൂടി ആയിരുന്നു പോയതിനു പിന്നിലെ ചേതോ വികാരം.


         നിറയെ പുസ്തകങ്ങള്‍.എംടി തകഴി അരുന്ധതി റോയി എല്ലാവരുടെയും ഉണ്ട്.മുന്നിലൂടെ അല്പം ബുദ്ധിജീവി നാട്യത്തില്‍ പലരും പുസ്തകങ്ങള്‍ തുറന്നു നോക്കുന്നു.  ഏതൊ ഒരു സുന്ദരി ബുജിയുടെ മുന്നിലൂടെ ഓര്‍ഹാന്‍ പാമുക്ക്,കസാന്‍സാക്കിസ്,മരിയോ വര്‍ഗാസ് ലോസ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മറിച്ചു നോക്കി നമ്മള്‍ ഇന്റര്‍നാഷണല്‍ റോമിങ്ങാണെന്ന് വരുത്തിത്തീര്‍ത്ത് ഞാനും അവനും പതുക്കെ നടന്നു.


          പെട്ടെന്നവന്‍ എന്നെ തൊട്ട് വിളിച്ചു : “ഡാ,അവള്‍ ഞാനെഴുതിയ പുസ്തകം എടുക്കുന്നു” ഞാനും ഞെട്ടി.എം ടിയെയും ബഷീറിനെയും മാര്‍ക്കേസിനെയും പൌലോ കൊയ്ലോയെയും പോലും ഒഴിവാക്കി ആ സുന്ദരി ബുജി എന്റെ കൂടെ നടക്കുന്ന സുഹൃത്തിന്റെ പുസ്തകം എടുത്തിരിക്കുന്നു.


         അവന്‍ നെഞ്ച് വിരിച്ചു നിന്നു.അവള്‍ എല്ലാ പുസ്തകവും നോക്കി അവന്റെ പുസ്തകവുമായി കൌണ്ടറിലേക്ക് നടന്നു.അവന്‍ എന്നോട് പറഞ്ഞു : “എടാ,കണ്ടോ ഇപ്പഴത്തെ പെണ്‍കുട്ടികള്‍ പുതുകവിത ഇഷ്ടപ്പെടുന്നു.” .ഞാനും അവനും അവളുടെ പിന്നാലെ കൌണ്ടറില്‍ എത്തി. തന്നെ കാണുമ്പോള്‍ പുസ്തകത്തിലെ കവിയുടെ ഫോട്ടോ കണ്ട് പിന്നില്‍ നില്‍കുന്ന തന്നെ അവള്‍ തിരിച്ചറിയും എന്നവന്‍ കരുതി.അവള്‍ അത്ഭുതപ്പെട്ട് തന്റെ പ്രീയപ്പെട്ട കവിയെ നോക്കുമ്പോള്‍ തിരിച്ച് ചിരിക്കേണ്ട പുഞ്ചിരി അവന്‍ ഓര്‍ത്ത് വെച്ചു.അവള്‍ പുസ്തകം കൌണ്ടറിലിരിക്കുന്ന ആള്‍ക്കു നേരെ നീട്ടി.ഞങ്ങള്‍ അവള്‍ വല്ലതും പറയുന്നുണ്ടോ എന്ന് കാതോര്‍ത്തു :


കൌണ്ടറിലിരിക്കുന്ന ആള്‍ : “അനൂ ഈ പുസ്തകം മതിയോ “
അവള്‍ :“രാഘവേട്ടാ,ഇതില്‍ കുറഞ്ഞ വിലയുള്ള വല്ലതും ഉണ്ടോ ?”
കൌ ആ :“ഇല്ല മോളേ,ഇതാ ഏറ്റവും കുറഞ്ഞത് മുപ്പത്തി അഞ്ച് രൂപ”
അവള്‍ :“എന്നാല്‍ ഇതു മതി.ചുറ്റിക്കറങ്ങി എല്ലാ പുസ്തകവും വായിച്ച് ഒന്നും വാങ്ങാണ്ട് പോയീ എന്ന് അന്നത്തെ പോലെ രാഘവേട്ടന്‍ പറയാണ്ടിരിക്കാനാ “


എനിക്കും ചിരിവന്നു.അയാള്‍ ആ പുസ്തകം ഒരു കവറില്‍ പൊതിഞ്ഞ് അവള്‍ക്ക് നല്‍കുന്നത് അവന്‍ ഒരു കബറടക്കം നോക്കി നില്‍ക്കുന്നത് പോലെ ഒന്നും പറയാതെ കണ്ട് നിന്നു.

ഞാന്‍ സുഹൃത്തിനോട് പറഞ്ഞു : “വാ നമുക്ക് കോഫീ ഹൌസില്‍ പോയി ഒരു വിത്തൌട്ട് ചായ കുടിക്കാം ക്ഷീണം മാറട്ടെ”

No comments:

Post a Comment