About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Friday 11 November 2011

സന്തോഷ് പണ്ഡിറ്റ് : വിഡ്ഢിത്തത്തിന്റെ വിപണി സാധ്യതകള്‍


ഒരു സ്കൂളില്‍ മണ്ടനായ ഒരു കുട്ടിയുണ്ടായിരുന്നു.കൂടെയുള്ള കൂട്ടുകാര്‍ക്ക് ചിരിക്കാനുള്ള ഏറ്റവും വലിയ തമാശ  അവന്റെ വിഡ്ഢിത്തങ്ങള്‍ ആയിരുന്നു.അവന്റെ മണ്ടത്തരം കണ്ട് ചിരിക്കാനായി കുട്ടികള്‍ അവനെയും കൂട്ടി എല്ലാ ദിവസവും ഒരു കളികളിക്കും.ആരെങ്കിലും ഒരാള്‍ ഒരു കയ്യില്‍ ഒരു രൂപയും മറ്റെ കയ്യില്‍ രണ്ട് രൂപയും എടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് ചോദിക്കും."നിനക്കിതില്‍ ഏതാണ് വേണ്ടത് ".മണ്ടനായ കുട്ടി ഒരു രൂപ എടുക്കും.കുട്ടികള്‍ പൊട്ടിച്ചിരിക്കും."മണ്ടന്‍, ഒന്നാണോ വലുത് രണ്ടാണോ എന്നു പോലും അറിയില്ല.പമ്പര വിഡ്ഢി." ഈ കളി ദിവസവും തുടര്‍ന്നു കൊണ്ടിരുന്നു.ഇതറിഞ്ഞ കണക്ക് ടീച്ചര്‍ ഒരു ദിവസം കുട്ടിയെ വിളിച്ചു ചോദിച്ചു " നീ എന്തൊരു മണ്ടന്‍ ആണ്.നീ രണ്ടു രൂപയെല്ലെ എടുക്കേണ്ടത് " ആ കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു."ടീച്ചറേ,ഞാന്‍ ഏതെങ്കിലും ദിവസം രണ്ട് രൂപ എടുത്താല്‍ അന്ന് അവര്‍ ഈ കളി നിര്‍ത്തില്ലെ ? "

-----------------------------------------------------------------------

ഇത് പണ്ടേതൊ ബാലസാഹിത്യ മാസികയില്‍ വായിച്ച കഥ ആണെന്നു തോന്നുന്നു.ഇവിടെ കുട്ടി മണ്ടനാണോ ബുദ്ധിമാനാണോ എന്ന ചോദ്യത്തെക്കാള്‍ വിഡ്ഢിത്തത്തെ എങ്ങനെയാണ് സമര്‍ഥമായി മാര്‍ക്കറ്റ് ചെയ്യുക എന്നതിന്റെ ഒരു ഉദാഹരണം ആണ് ഈ കഥ.അതുകൊണ്ടാണ് ഈ കഥ സന്തോഷ് പണ്ഡിറ്റിനെയും സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകളെയും ഓര്‍മ്മിപ്പിക്കുന്നത് "എന്റെ സിനിമയുടെ ആരാധകരും വിമര്‍ശകരും ചെയ്യുന്നത് ഒരേ കാര്യമാണ്.അവര്‍ എന്റെ സിനിമ തുടര്‍ച്ചയായി കാണുന്നു"

പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് കലാമൂല്യം ഇല്ല എന്നത് വ്യക്തമാണെങ്കിലും അതിന്റെ കച്ചവടമൂല്യം നമുക്ക് എളുപ്പം തള്ളിക്കളയാന്‍ ആകില്ല.ജാസി ഗിഫ്റ്റ് മലയാളത്തില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍ മിക്ക ചാനലുകളും ജാസിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു എന്നു തോന്നുന്നു.പക്ഷെ തന്റെ സിനിമയിറങ്ങി വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ,ഒരു പക്ഷെ ജാസി ഗിഫ്റ്റിനെക്കാള്‍ വേഗത്തില്‍,സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളുടെ ഇന്റര്‍വ്യൂകളില്‍ സജീവമായി.ഈ ഇന്റര്‍വ്യൂകള്‍ക്ക് മറ്റൊരു ഇന്റര്‍വ്യൂവിനും കിട്ടാത്ത 'സ്വീകാര്യത'  ഇന്റര്‍ നെറ്റിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ലഭിക്കുന്നു.ഈ കച്ചവടമൂല്യം മുന്നില്‍കണ്ട് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കാന്‍ വേണ്ടി മാത്രം മാധ്യമ സ്വാതന്ത്രത്തിന്റെ "നിയന്ത്രണ രേഖ" കടന്ന ഷാനിയുടെ മനോരമ ഉള്‍പെടെയുള്ള മാധ്യമങ്ങള്‍ പണ്ഡിറ്റിനെ ഇന്റര്‍വ്യൂ ചെയ്തത്.ഇവിടെയും ആരാധകരും വിമര്‍ശകരും സന്തോഷ് പണ്ഡിറ്റിനെ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ പ്രൊമോട്ട് ചെയ്യുകയാണ് എന്നു കാണാം.ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കില്‍ വിഖ്യാതനായ മൂക്കനോട് ലോകകാര്യങ്ങളിലുള്ള അഭിപ്രായം പലരും ചോദിക്കുന്ന ചില കാഴ്ചകള്‍ ഉണ്ടെന്നു തോന്നുന്നു.പണ്ഡിറ്റിന്റെ ചില മാധ്യമ ഇന്റര്‍വ്യൂകളും ചിലപ്പോള്‍ ഇതോര്‍മ്മിപ്പിക്കുന്നുണ്ട്.പണ്ഡിറ്റിന്റെ ഓരോ പുതിയ ഇന്റര്‍ വ്യൂക്കും പഴയതിന്റെ അതേ സ്വീകാര്യത ലഭിക്കുമ്പോള്‍ നമുക്ക് "പണ്ഡിറ്റ് തരംഗം" അവസാനിക്കുന്നില്ലെന്ന് പറയേണ്ടി വരും.ഒരു പക്ഷെ ഇത് ഏറ്റവും നന്നായി മനസ്സിലാക്കുന്നവരും മാധ്യമങ്ങള്‍ തന്നെ ആണ്.കാരണം ഇന്റര്‍വ്യൂ നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പലതിന്റെയും യൂടൂബ് വ്യൂസ് ലക്ഷങ്ങളില്‍ എത്തി നില്‍ക്കുകയാണ്.


മാധ്യമ ഇന്റര്‍വ്യൂകളില്‍ കൈരളി വീ ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ  കുറെ ഒക്കെ മാന്യത പുലര്‍ത്തി എന്നു പറയാം.ഇന്ത്യാ വിഷനില്‍ നികേഷ് കുമാറും പെട്ടെന്ന്   അവസാനിപ്പിച്ച് അരോചകമാക്കാതെ ചര്‍ച്ച നിര്‍ത്തി.പക്ഷെ മനോരമയിലെ "നിയന്ത്രണ രേഖ" എല്ലാ അതിവരമ്പുകളും ലംഘിച്ച് സന്തോഷ് പണ്ഡിറ്റിനെതിരെ ആള്‍ക്കാരെ അണിനിരത്തി, മോഡറേറ്ററുടെ നിഷ്പക്ഷത കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ ആക്രമണം ആയിരുന്നു.സദസ്സിലിരിക്കുന്ന ഒരാള്‍ അവിടെ സന്നിഹിതനായ ഡോക്റ്ററോട്  ചര്‍ച്ച നടന്നുകൊണ്ടിരിക്കെ "ഇങ്ങേര്‍ക്ക് വല്ല മാനസീക രോഗവും ഉണ്ടോ " എന്ന് ചോദിക്കുകയും ഈ ചോദ്യത്തെ എല്ലാവരും കരഘോഷത്തോടെ സ്വീകരിക്കുകയും  "അയാള്‍ക്ക് നാര്‍സിസിസ്റ്റിക് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍" ആണെന്ന് ഡോക്ടര്‍ മറുപടി പറയുകയും ചെയ്യുമ്പോള്‍ ചാനല്‍ ചര്‍ച്ചകളുടെ ഗതി എത്രത്തോളം ആരോഗ്യകരമാണെന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരും.

സ്വന്തം രൂപത്തില്‍ ആകൃഷ്ടനായ ഗ്രീക്ക് ഐതിഹ്യങ്ങളിലെ യുവ സുന്ദരന്‍ ആണ് നാര്‍സിസസ്.നദിയില്‍ കണ്ട സ്വന്തം പ്രതിബിംബത്തില്‍ ആകൃഷ്ടനായി ഒടുവില്‍ നാര്‍സിസസ് എന്ന പുഷ്പമായി മാറിയ ഒരു കഥാപാത്രം.എല്ലാവരിലും ഒരു നാര്‍സിസസ് ഒളിഞ്ഞിരിപ്പുണ്ട്.ആരോഗ്യകരമായ നാര്‍സിസം ഉണ്ടായാല്‍ നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നുവെങ്കില്‍ അത് അനാരോഗ്യകരമാകുമ്പോള്‍ അയാഥാര്‍ഥ്യമായ ഒരു ഉത്കര്‍ഷതാ ബോധത്തിലേക്ക്() നമ്മള്‍ നയിക്കപ്പെടുന്നു എന്നാണ് മനശ്ശാസ്ത്ര ചിന്തകര്‍ പറയുന്നത്.മനോരമ ഇന്റര്‍ വ്യൂ കണ്ടപ്പോള്‍ നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ പണ്ഡിറ്റിനു മാത്രമല്ലെന്നും ഷാനി ഉള്‍പെടെയുള്ള മിക്ക ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് ബാധിക്കുന്നുണ്ടോ എന്നുമായിരുന്നു സംശയം.നമ്മുടെ നാടിനു കലാമൂല്യമായ സിനിമ സമ്മാനിക്കുകയും നാടു നന്നാക്കുകയുമാണ് തന്റെ ഉദ്ദേശം എന്ന് സന്തോഷ് പണ്ഡിറ്റ് പറയും എന്ന് തോന്നുന്നില്ല.പക്ഷെ മാധ്യമങ്ങള്‍ പാലിക്കേണ്ട ചില സദാചാരങ്ങള്‍ അത് ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നിയന്ത്രണ രേഖ എന്ന മനോരമയുടെ പരിപാടിയില്‍ ദൃശ്യമായത്.മൈക്കുമായി നടക്കുന്ന ഷാനിയെ കണ്ടപ്പോള്‍ "പണ്ഡിറ്റിനെ തെറിവിളിക്കാന്‍ ആവശ്യമുള്ളവര്‍ മൈക്കു വാങ്ങൂ,തെറിവിളിക്കൂ" എന്ന ഭാവവുമായി പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നതായാണ് തോന്നിയത്.രാഷ്ട്രീയ പ്രവര്‍ത്തകരെയും വീ ആര്‍ കൃഷ്ണയ്യരെ പോലുള്ള നിയമജ്ഞരെയും വരെ ചര്‍ച്ചക്കിടയില്‍ തിരിച്ചു വരാം എന്നു പറഞ്ഞ് നിയന്ത്രിച്ച് ക്യൂവില്‍ നിര്‍ത്തിച്ച് ശീലിച്ചതുകൊണ്ടാകാം പലര്‍ക്കും വാക്കുകളില്‍ എപ്പൊഴും അഹങ്കാരവും ആക്രമണോത്സുകതയും നിഴലിക്കുന്നത്.എങ്കിലും ആ പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പണ്ഡിറ്റിന്റെ വാദഗതികളെക്കാള്‍ അരോചകമായി തോന്നിയത് പ്രേക്ഷകരുടെയും അതിഥികളുടെയും മോഡറേറ്ററുടെയും ആക്രമണം ആയിരുന്നു.

സാമൂഹ്യ പ്രതിബദ്ധത എന്നതിനെക്കാള്‍ മാര്‍ക്കറ്റ് സാധ്യതകള്‍ തന്നെയാണ് മാധ്യമ ലോകത്തും നിഴലിക്കുന്നത്.ബ്രിട്ടാസ് ആയാലും ഷാനി ആയാലും മറ്റാരായാലും തങ്ങള്‍ ആദ്യം നിലനിന്നിരുന്ന ചാനലില്‍ നിന്ന് മാറു മറ്റൊരു ചാനലിലേക്ക് പോകുന്നത് സമൂഹ്യ പ്രതിബദ്ധതകാണിക്കാന്‍ കൂടുതല്‍ വിശാലമായ പ്ലാറ്റ് ഫോം ലഭിച്ചത് കൊണ്ടാണെന്ന് എനിക്കു തോന്നുന്നില്ല."എന്റെ പത്രത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് പരസ്യങ്ങള്‍ വേര്‍തിരിക്കാനാണ്" എന്ന ഒരു മാധ്യമകാരന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.ഇതേ മാര്‍ക്കറ്റിങ് തത്വങ്ങള്‍ക്ക് വിധേയമായി തന്നെയാണ് മിക്ക മാധ്യമപ്രവര്‍ത്തകരും ജോലി ചെയ്യുന്നതും.അതുകൊണ്ട് ഒരു സൃഷ്ടിയുടെ വിപണന മൂല്യം ഉണ്ടാകുന്നത് ഏതു തരത്തില്‍ ആണെങ്കിലും സൃഷ്ടി വില പിടിച്ചതാണെന്നു പറയേണ്ടി വരും. സമകാലിക മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയോട് പണ്ഡിറ്റ് സിനിമകള്‍ കണ്ട് മലയാളി പ്രതികാരം ചെയ്യുകയാണ് എന്നതു പോലുള്ള നിഗമനങ്ങള്‍ ക്ക് സാധുത ഉണ്ടെന്നു തോന്നുന്നില്ല.അങ്ങനെ എങ്കില്‍ സില്‍സില എന്ന ആല്‍ബം യൂടൂബില്‍ 'ഹിറ്റാ'യതിന്റെ കാരണം നമ്മള്‍ എവിടെയാണ് അന്വേഷിക്കുക.ഇവിടെ സൃഷ്ടികര്‍ത്താവ് ബോധപൂര്‍ വ്വമോ അബോധ പൂര്‍വ്വമോ തന്റെ വിഡ്ഢിത്തങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്. ഈ ലേഖനം നിങ്ങള്‍ വായിക്കാന്‍ താത്പര്യപ്പെടുന്നെങ്കില്‍ അതിനുകാരണവും സന്തോഷ് പണ്ഡിറ്റിന്റെ മാര്‍ക്കറ്റ് സാധ്യതകള്‍ തന്നെ ആണ് എന്നതാണു സത്യം.

    മലയാള സിനിമാ വിപണി കലാമൂല്യമുള്ള സിനിമകളെ ഏറെ ഒന്നും പ്രോത്സാഹിപ്പിച്ച ചരിത്രം ഇല്ല .കൊമ്മേഴ്സ്യല്‍ സിനിമകളില്‍ സാമൂഹ്യ പ്രതിബദ്ധതയെക്കാള്‍ കച്ചവട മസാലകള്‍ മാത്രമാണ് കുത്തിനിറച്ചിരിക്കുന്നത്.മലയാളത്തിലെ പല സൂപര്‍ഹിറ്റ് സിനിമകളിലും അധോലോകനായകനായ നായകനെ ഉദാത്തവത്കരിച്ച് കയ്യടി നേടിയതായി കാണാം.ഈയിടെ ഏതോ സിനിമയില്‍ "ഇവിടെ തുപ്പരുത്" എന്ന ബോര്‍ഡില്‍ മുറുക്കി തുപ്പുന്ന പോലീസുകാരനായ കഥാപാത്രത്തിന് (മനോജ് കെ ജയന്‍ അവതരിപ്പിച്ച നായകനായ മോഹന്‍ലാലിന്റെ സുഹൃത്തായ കഥാപാത്രം ആണെന്നു തോന്നുന്നു  ) തീയറ്ററില്‍ കയ്യടി ലഭിച്ചത് ഓര്‍ക്കുന്നു.വയലന്‍സും സെക്സും പാട്ടും ഡാന്‍സും എന്ന സമകാലീന സിനിമയുടെ കച്ചവട ഫോര്‍മുലകളെക്കാള്‍ അപകടകരം അല്ലെന്നു തോന്നുന്നു സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും.സന്തോഷ് പണ്ഡിറ്റ് തരംഗം ആരോഗ്യകരമല്ലെന്ന് കരുതുമ്പോള്‍ തന്നെ മുഖ്യധാര സിനിമ പ്രവര്‍ത്തകള്‍ ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാവുകയും വേണമെന്ന് നിസ്സംശയം പറയാം.

Friday 4 November 2011







      ഒരുപാട് കാഴ്ചയില്‍ പെട്ട ചിത്രം ആയതുകൊണ്ടാണ് ഈ ചിത്രത്തിന്റെ ചരിത്രം അന്വേഷിച്ച് ഇന്റര്‍നെറ്റിലേക്ക് ഒന്ന് ഊളിയിട്ടത്.അതിശയമെന്ന് പറയട്ടെ അത്യന്തം കൌതുകകരമായ കാര്യങ്ങളാണ് വായിക്കാന്‍ കഴിഞ്ഞത്.ബ്രാഗോലിന്‍ (Bruno Amadio, popularly known as Bragolin) എന്ന ചിത്രകാരനാണത്രെ "Crying Child " എന്ന് അറിയപ്പെടുന്ന ഈ ചിത്രം വരച്ചത്.ഒരു അനാഥാലയത്തിലെ കുട്ടിയായിരുന്നു അത്.പിന്നീട് അനാഥാലയത്തിന് തീപിടിക്കുകയും ആ ബാലന്‍ അതുനുള്ളില്‍ പെട്ട് വെന്ത് മരിക്കുകയും ചെയ്തു.കാലങ്ങള്‍ക്ക് ശേഷം ഈ ചിത്രം കയ്യിലുള്ള പലരുടെയും വീടുകള്‍ അഗ്നിക്കിരയായി.പക്ഷെ അമ്പരപ്പിക്കുന്ന കാര്യം എല്ലാ വീടുകളിലും ശവശരീരങ്ങള്‍ അടക്കം മിക്ക വസ്തുക്കളും ചാമ്പലായപ്പൊഴും ഈ ചിത്രം ഒരു തരത്തിലുള്ള കേടുപാടുകളുമില്ലാതെ ഭിത്തിയില്‍ തൂങ്ങുന്നുണ്ടായിരുന്നു.ഇതിനെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കാത്തത് കൊണ്ടാവണം അതൊക്കെ ഈ കരയുന്ന കുട്ടിയുടെ ശാപമായി അറിയപ്പെട്ടത്.

     പക്ഷെ ഒന്നുറപ്പാണ്.ഈ ചിത്രം നോക്കി നിന്നാല്‍ ആ കുഞ്ഞിന്റെ കണ്ണുകള്‍ നിങ്ങളുടെ മനസ്സിനെ വേട്ടയാടുക തന്നെ ചെയ്യും.ആ ചിത്രം 90 ഡിഗ്രീ ചരിച്ച് പിടിച്ച് സൂക്ഷിച്ചു നോക്കൂ. അതില്‍ നിങ്ങള്‍ക്കൊരു പിശാചിന്റെ മുഖം കാണാന്‍ കഴിയുന്നില്ലെ.







          (പിന്നീട് Steve Punt എന്ന ബ്രിട്ടീഷ് എഴുത്തുകാരന്‍ ഈ “ശാപ“ത്തെ കുറിച്ച് അന്വേഷണം നടത്തി അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയെന്നു പറയുന്നു.കത്തിയെരിഞ്ഞ വീടുകളില്‍ നിന്നും ഒരു കേടുപാടുമില്ലാതെ ഈ ചിത്രം കണ്ടെടുത്തതിനാല്‍ ആണല്ലോ ഇങ്ങനെ ഒരു വിശ്വാസം പടര്‍ന്നു പിടിച്ചത്.എന്നാല്‍ ആ ചിത്രത്തിന്റെ പ്രിന്റുകളില്‍ അഗ്നിയെ പ്രതിരോധിക്കുന്ന വാര്‍നിഷ് ഉപയോഗിച്ചിരുന്നുവെന്നും അത് കൊണ്ട് ചിത്രത്തിനു മുന്‍പെ അത് ചുമരില്‍ തൂക്കിയിട്ടിരുന്ന ചരടിനു തീ പിടിക്കുന്നതിനാല്‍ അഗ്നിബാധ സംഭവിക്കുമ്പോള്‍ ചുവരില്‍ നിന്ന് ചിത്രം നിലത്തു വീഴുമെന്നുമുള്ള നിഗമനത്തില്‍ അദ്ദേഹമെത്തി.താഴെ വീണ ചിത്രം സ്വാഭാവികമായും അതിന്റെ മുഖം താഴെ വരുന്ന രീതിയില്‍ നിലത്തു വീണു കിടക്കുന്നതിനാല്‍ അതിന് ഒരു സ്ക്രാച്ച് പോലും വീഴാതെ ചിത്രം തീപിടിച്ച വീടിനുള്ളില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയുന്നു.)

           ഒരാള്‍ എഴുതുന്നതിനോട് അയാള്‍ എത്രമാത്രം സത്യ സന്ധനായിരിക്കണം.കലയും ജീവിതവും വേറെ വേറെ ആണെന്ന് നിങ്ങള്‍ പറയുമെങ്കില്‍ എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത ഇവിടെ ചര്‍ച്ചാ വിഷയമായേക്കാം.പക്ഷെ ഒരാളുടെ എഴുത്തും അയാളുടെ ചിന്തയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുമ്പോഴും എഴുത്തിനു നേരെ വിപരീതമായി പ്രവര്‍ത്തിച്ച് നമ്മളുടെ ചിന്തകളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഡ്ഢികളാക്കിയ ഒരുപിടി പ്രതിഭകളെ നമുക്ക് കണ്ടെത്താനാവും.അഴിമതി കേസില്‍ കുറ്റാരോപിതനായിരുന്ന ഫ്രാന്‍സിസ് ബേക്കണ്‍ സത്യത്തെ കുറിച്ചും നീതിയെ കുറിച്ചുമൊക്കെ എഴുതിയ പ്രതിഭാധനനായ സാഹിത്യകാരന്‍ ആയിരുന്നു.കിഴവനും കടലും എന്ന വിഖ്യാത നോവല്‍ എഴുതിയ ഹെമിങ്വേനായകനായ സാന്റിയാഗോയുടെ നിശ്ചയ ദാര്‍ഢ്യം കാണിക്കാതെ മരണത്തിനു മുന്നില്‍ സ്വയം കീഴടങ്ങിയത് ആസ്വാദകരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചു കാണുക.എന്തിനു വാക്കുകളില്‍ അത്ഭുതം സൃഷ്ടിച്ച് യാഥാര്‍ഥ്യ ജീവിതത്തിലെ മൂല്യങ്ങളെ പിന്‍ കാല്‍ കൊണ്ട് ചവിട്ടിയെറിയുന്നവരെ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ നമുക്കു ചുറ്റും തന്നെ ഏറെ കാണാനാകും. കനിമൊഴിയെ പോലെ കവൈത്രികളും ഉണ്ട് ഇക്കാര്യത്തില്‍ നമുക്ക് ചുറ്റുമുള്ള സമകാലിക ഉദാഹരണങ്ങളില്‍ എന്നത് കൌതുകകരം എന്നതിനെക്കാള്‍ ദുഖകരമായ മറ്റൊരു വസ്തുത.

           പക്ഷെ ഇതിനെക്കാളൊക്കെ ഏറെ എന്നെ അത്ഭുതപ്പെടുത്തിയത് ഡെയില്‍ കാര്‍നേജി എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ജീവിതമാണ്.ഒരു പക്ഷെ വ്യക്തിത്വ വികസനത്തെ കുറിച്ചും ജീവിത വിജയത്തെ കുറിച്ചു മൊക്കെ എഴുതി ഇത്ര അധികം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയവര്‍ കുറവായിരിക്കും." How to Stop Worrying and Start Living" എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചാല്‍ മാത്രം മരണത്തിനൊരുങ്ങിയിറങ്ങിയവര്‍ പോലും ജീവിതത്തിലേക്ക് തിരിച്ചുവരുമത്രെ.







        പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ വാര്‍ത്ത ഇതായിരുന്നു “ ഡെയില്‍ കാര്‍നേജി ആത്മഹത്യ ചെയ്യുകയായിരുന്നു”

       വിശ്വസിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഗൂഗിളിലും വിക്കീപീഡിയയിലും ഒക്കെ അദ്ദേഹത്തെ മരണത്തെ കുറിച്ച് അറിയുക എന്ന ഉദ്ദേശത്തില്‍ തിരഞ്ഞു നോക്കിയത്.വിക്കിപീഡിയയില്‍ പറയുന്നത് ഇങ്ങനെ.

"Carnegie died at his home in Forest Hills, New York.[9] He was buried in the Belton, Cass County, Missouri, cemetery. The official biography from Dale Carnegie & Associates, Inc. states that he died of Hodgkin's disease, complicated with uremia, on November 1, 1955.[10]he committed suicide, which may have come from confusion with the author Irving Tressler. (discuss)"

       ആത്മഹത്യ ആയാലും ദയാവധം ആയാലും ഹോഡ്കിന്‍സ് ഡിസീസ് കൊണ്ടുള്ള സ്വാഭാവിക മരണം ആയാലും ജീവിക്കാന്‍ പഠിപ്പിച്ച കാര്‍നേജീ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് വളരെയധികം പ്രചാരം നേടിയ ഒരു കാര്യം ആയിരുന്നു.ഇതില്‍ എത്രത്തോളം വസ്തുത ഉണ്ട് എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും...!!!!
ഒരിക്കലും വിശ്വസിക്കരുതെന്ന് ആവര്‍ത്തിച്ചപ്പോഴാണ് നീ എന്നെ വിശ്വസിക്കാന്‍ തുടങ്ങിയത്. വെറുക്കൂ എന്നു പറഞ്ഞപ്പോള്‍ സ്നേഹിക്കാന്‍ തുടങ്ങി.മറക്കാന്‍ പറഞ്ഞപ്പോഴായിരുന്നു നീ എന്നെ വീണ്ടും വീണ്ടും ഓര്‍ത്തെടുത്തത്.. നഷ്ടപ്രണയത്തെ കുറിച്ച് കണ്ണു നിറച്ചപ്പോള്‍ ഒടുവില്‍ നീ എന്നെ പ്രണയിക്കാനും തുടങ്ങി.അനുസരണക്കേടുകള്‍ മാത്രം കാണിക്കുന്ന പെണ്‍കുട്ടീ,നിന്നെ പരിചയപ്പെട്ടതു മുതലായിരിക്കണം എന്റെ കണ്ണും മനസ്സും എന്തിന് കവിതകള്‍ പോലും എന്നോട് അനുസരണക്കേട് കാണിക്കാന്‍ തുടങ്ങിയത്.







  
                    പ്രഥമശുശ്രൂഷയെ കുറിച്ചുള്ള ഒരു ക്ലാസ്സ് അറ്റന്‍ഡ് ചെയ്തിരുന്നു ഈയിടെ.ക്ലാസ്സ് എടുത്തുകൊണ്ടിരിക്കെ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ആയ ഫാകല്‍ടി പറഞ്ഞു :“വെള്ളത്തില്‍ വീണ ഒരാളെ രക്ഷപ്പെടുത്താന്‍ നീന്തിച്ചെല്ലുമ്പോള്‍ ഒരിക്കലും അയാളുടെ കയ്യില്‍ പിടിക്കരുത്.ആത്മരക്ഷാര്‍ഥം അയാള്‍ നിങ്ങളെ മുറുകെ പിടിക്കും.രണ്ടു പേരും വെള്ളത്തിനടിയിലാകുകയാകും ചെയ്യുക.ആ അവസ്ഥയില്‍ ഒരിക്കലും നിങ്ങളുടെ രക്ഷയെ കുറിച്ച് ചിന്തിക്കാന്‍ മുങ്ങുന്ന ആള്‍ക്ക് കഴിയുകയില്ല.അച്ഛനും മകനും ആണെങ്കില്‍ പോലും”


                       ഞാന്‍ ചിന്തിച്ചു.മുങ്ങിമരിക്കുന്നവന്‍ ശ്വാസം മുട്ടി പിടയ്ക്കുമ്പോള്‍ ഒരു കുമ്പിള്‍ പ്രാണവായുവിനെ കുറിച്ച് എങ്ങനെ സ്വാര്‍ഥനാവാതാരിക്കാനാണ്.പക്ഷെ പിന്നീട് ഡോക്റ്റര്‍ പറഞ്ഞത് എന്നെ അതിശയിപ്പിച്ചു :“ഇക്കാര്യത്തില്‍ പലപ്പൊഴും ഞാന്‍ ഒരു എക്സപ്ഷന്‍ കണ്ടിട്ടുള്ളത് അമ്മയും മകനും അല്ലെങ്കില്‍ അമ്മയും മകളും ആകുമ്പോഴാണ്.അമ്മ തന്റെ കുഞ്ഞിന്റെ രക്ഷ നോക്കി കൈ      മുറുകെ പിടിക്കാതെ കുഞ്ഞിനെ വിട്ട് ആഴങ്ങളില്‍ മരണത്തിനു കീഴടങ്ങിയത് കേള്‍ക്കാറുണ്ട്”.എനിക്കു ഡോക്റ്റര്‍ പറഞ്ഞത് മുഴുവന്‍ വിശ്വസിക്കാനാവുന്നില്ല.എങ്കിലും ഏത് അബോധാവസ്ഥയിലും തന്റെ കുഞ്ഞിനെ പറ്റി ചിന്തിക്കാന്‍ കഴിയുന്ന അമ്മ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമായി പിന്നെയും പിന്നെയും അത്ഭുതപ്പെടുത്തുന്നു.