About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Friday 28 October 2011

ഇനി നമുക്ക് തെങ്ങിനെ കുറിച്ച് പത്ത് വാക്ക് എഴുതാം.തെങ്ങ് നമ്മുടെ ദേശീയ വൃക്ഷമാണ്.പക്ഷെ തെങ്ങില്‍ നിന്ന് കള്ള് ചെത്താമെന്നും അത് കുടിക്കാമെന്നും പറയാതെ തെങ്ങിനെക്കുറിച്ച് പത്ത് വാക്യം പറഞ്ഞു വഞ്ചിച്ച രമേശന്മാഷെ ഞാന്‍ നോട്ടമിട്ടു വച്ചിട്ടുണ്ട്...!!!
കാളയും പശുവുമെല്ലാം അതിന്റെ സ്വാതന്ത്ര്യം ഹോമിക്കപ്പെട്ട ഒരു തലമുറയാണ് .സച്ചിദാനന്ദന്റെ ഇര എന്ന കവിത ഓര്‍ക്കുക “തലകുനിച്ചു ഞാന്‍ നില്‍ക്കുന്നു,കാലിലെ കയറഴിച്ചോളൂ,പാഞ്ഞു പോകില്ല ഞാന്‍” എന്ന്.കാട്ടു പന്നിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാട്ട് പശു എന്നൊരിക്കലും ഞാന്‍ കേട്ടിട്ടില്ല.ഒരു ജനുസ്സ് അതിന്റെ ജീവിതം മനുഷ്യനിലേക്ക് ചുരുക്കിയിരിക്കുന്നു.നമ്മുടെ നാട്ടില്‍ ഒരു ദിവാകരേട്ടന്‍ ഉണ്ടായിരുന്നു.അവിടെ ഒരു ആരോഗ്യവാനായ കാളയും.ആളുകള്‍ പശുവിനെ പുതിയ തലമുറകളെ സൃഷ്ടിക്കാനായി അയാളുടെ അടുത്ത് കൊണ്ടുവരും.അയാള്‍ വായകൊണ്ട് അവ്യക്തമായ ഒരു ശ്ബ്ദം ഉണ്ടാക്കുമ്പോള്‍ കാളകൂട്ടല്‍ എന്ന പ്രക്രിയ നടക്കുന്നു.പശുക്കള്‍ ലൈംഗികത പോലും നിഷേധിക്കപ്പെട്ട മൃഗങ്ങള്‍ ആണ്.എന്നാല്‍ വിത്തുകാളകള്‍ വികാരങ്ങളെ മനുഷ്യനു വേണ്ടി അടിമപ്പെടുത്തിയ ഏറ്റവും ദാരുണമായ സ്വപ്നങ്ങളുള്ള ഒരു ജീവിയും.

“പ്രണയം തുടര്‍ച്ചയായ ആത്മഹത്യ ആണ്.എന്നാല്‍ രതിയോ കൊലപാതകവും”----എന്‍ എസ് മാധവന്‍
++++++++++++++++++++++++++++++++++++++++++++++++++++++++

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ പലപ്പോഴും ചിലന്തിവലകളിലേക്കുള്ള ശലഭത്തിന്റെ സഞ്ചാരമാണ്.സുതാര്യമെന്നു തോന്നിപ്പിക്കുന്ന,ഒരു നീര്‍ക്കുമിളയുടെ ഭിത്തിയേക്കാള്‍ കനം കുറഞ്ഞ കെണികള്‍ വലകളായി നമ്മുടെ മുന്നില്‍ രൂപപ്പെടുന്നതറിയാതെ അകലെയുള്ള പൂവുകളിലേക്ക് എത്ര ആകാംക്ഷയോടെയാണ് നമ്മള്‍ കടന്നു ചെല്ലുന്നത്.ഒരു ചിറകനക്കം മതി,അല്ലെങ്കില്‍ ഒരു പിടച്ചില്‍, കയ്യും മനസ്സും മൂടിക്കെട്ടി നമ്മളെ ഇരുട്ടിലേക്ക് കെട്ടിവരിയാന്‍.പിന്നെ ആഴത്തിലേക്ക് നഖങ്ങള്‍ താഴ്ത്തി അവസാനത്തെ തുള്ളിയും ഊറ്റിയെടുക്കുമ്പോഴേക്കും നമ്മളും ഒരു ചിലന്തിയായി രൂപാന്തരപ്പെട്ടിരിക്കും,ഡ്രാക്കുളക്കഥകളിലെ രക്തരക്ഷസ്സുകളെപോലെ.



സുകുമാരന്റെയും ലളിതയുടെയും പ്രണയം നിര്‍ത്താതെ ഓടുമ്പോഴായിരുന്നു ഇടയ്ക്ക് സദാചാര പോലീസ് കൈകാണിച്ചത്. ഫൈന്‍ അടക്കാന്‍ മടിച്ച് അടുത്ത സ്റ്റോപ്പില്‍ ലളിതയെ ഇറക്കിവിട്ട് സുകുമാരന്‍ വണ്ടി തിരിച്ചു.അപ്പോള്‍ വണ്ടീടെ പിറകെ ഓടിക്കൊണ്ട് ലളിത ഉറക്കെ പറയുന്നുണ്ടായിരുന്നു “സുകുമാരേട്ടാ വണ്ടി നിര്‍ത്ത്,ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്കാ ”
അപ്പോള് രാജകുമാരന് രാക്ഷസനോട് ചോദിച്ചു : "എപ്പോഴും നിങ്ങള് തന്നെ ജയിക്കണം എന്നില്ലല്ലോ ? " (ഒരു അടൂര് ചിത്രത്തിനോട് കടപ്പാട് )



Sunday 23 October 2011

കല്യാണം.


അച്ഛനാണ് ബീനയെ ആദ്യം നിര്‍ബന്ധിച്ചത് : “മോളെ പ്രായം ആയി വരികയാണ് നിനക്ക്.വരുന്ന ജൂണ്‍ ഇരുപതിനു ഇരുപത്തി മൂന്ന് വയസ്സ് തികയും.നമുക്ക് കല്യാണോലചന തുടങ്ങാം ..”  

 ബീന തന്റെ വാചകം വീണ്ടും ആവര്‍ത്തിച്ചു : “അച്ഛാ എനിക്കിപ്പൊ കല്യാണം വേണ്ട“

“അപ്പഴേ പറഞ്ഞതാണ് പെണ്ണിനെ അധികം പഠിപ്പിക്കാന്‍ വിടണ്ട എന്ന്.പതിനെട്ടു കഴിഞ്ഞാല്‍ കെട്ടിച്ചു വിടണം.ഇതിപ്പൊ ഡെല്‍ഹീലും മറ്റും പോയി വെല്യ പഠിപ്പൊക്കെ ആയി അച്ചനും അമ്മയും പറേന്നതു കേട്ടാല്‍ മോശമാണെന്നു വരെ തോന്നാറായി അല്ലെ “ പകുതി തന്നോടും പകുതി എല്ലാവരോടും ആയി അമ്മ പറയുകയാണ്.ബാക്കി അമ്മമാര്‍ ഇതില്‍ നിന്നൊരു പാഠം ഉള്‍ക്കൊള്ളട്ടെ എന്നു കൂടി ചിന്തിക്കുന്നുണ്ടാവും അമ്മ.

ബീന വീണ്ടും നയം വ്യക്തമാക്കി :“ എനിക്കിപ്പോ കല്യാണം വേണ്ട”

“എടീ,നീ വല്യ ഫെമിനിസ്റ്റും തേങ്ങയും ഒക്കെ ആയിക്കോ,പക്ഷെ ഒരാഴ്ചക്കുള്ളീ കല്യാണം നടത്തിക്കോളണം.” ഏട്ടനാണ്.തന്റെ കല്യാണം കഴിയാന്‍ കാത്തു നില്‍ക്കുകയാണ് ചേട്ടന്‍.നല്ല നല്ല ആലോചനകള്‍ ഒക്കെ പെങ്ങടെ കല്യാണം കഴിഞ്ഞിട്ടേ നോക്കുന്നുള്ളൂ എന്ന് പറഞ്ഞ്  ഒഴിവാക്കി   നില്‍ക്കുകയാണ് .

ബീന അണുകിടമാറിയില്ല : “ഏട്ടാ,ഞാന്‍ പറഞ്ഞില്ലേ,എനിക്കിപ്പൊ കല്യാണം വേണ്ട”


ഒന്നും നടക്കില്ലെന്ന് മനസ്സിലായ അച്ഛന്‍ പറഞ്ഞു :“ മോളേ നിന്റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ ? നീ പറ.എനിക്കീ ജാതീലും മതത്തിലും ഒന്നും വ്യത്യാസമില്ല.ആരായാലും ഞാന്‍ നടത്തിത്തരും”

അച്ചന്റെ ആത്മാര്‍ഥതയില്‍ അവള്‍ക്ക് തെല്ലും സംശയം ഉണ്ടായിരുന്നില്ല.എന്നിട്ടും അവള്‍ പറഞ്ഞു : “അച്ചാ എനിക്കിപ്പൊ കല്യാണം വേണ്ട അച്ചാ “

അച്ഛനും ചേട്ടനുമെല്ലാം നിരുപാധികം പിന്മാറി.അപ്പൊ പ്രണയം അല്ല പ്രശ്നം.പിന്നെ ഇവള്‍ക്കെന്തു പറ്റി.ഒരു ചോദ്യം കൂടി ചോദിക്കാം എന്നു വെച്ച അച്ഛന്‍ അവസാനം ഇങ്ങനെ പറഞ്ഞു : “ അല്ല ബീനേ,പിന്നെ എന്താ നിന്റെ ഉദ്ദേശം”

ബീനയുടെ കണ്ണില്‍ നാണം വന്നു. മലയാളിപ്പെണ്ണിന്റെ  സാമ്പ്രദായിക രീതിയിലുള്ള  തലകുനിച്ചുള്ള ചിരി ചിരിച്ച് അവള്‍ കാല്‍ വിരല്‍ കൊണ്ട് ഗ്രാനൈറ്റ് തറയില്‍ വൃത്തം വരച്ചു.എന്നിട്ടിങ്ങനെ പറഞ്ഞു : “ അച്ഛാ എനിക്ക് കല്യാണം വേണ്ട അച്ഛാ,ലിവിങ് ടുഗതര്‍ മതി “
ഒരു പക്ഷെ ഒരു പ്രണയം ഇല്ലാത്തതു കൊണ്ടാവണം,എനിക്ക് ഇപ്പൊഴും ഒരു കാമുകനായി ജീവിക്കാൻ കഴിയുന്നത്...!!!
ഇടയ്ക്കിടെ ചില "chat"ൽ മഴകൾ...!!മറ്റുചിലപ്പോൾ ഒരു "poke"വെയിൽ...!!!നനഞ്ഞും പടർന്നും നിറഞ്ഞ് നിറഞ്ഞ്....!!!
"ഓർമ്മയിൽ കാടുള്ള മൃഗം എളുപ്പം മെരുങ്ങുകയില്ല.എന്റെ ഓർമ്മയിൽ കാടുകളുണ്ട്." ---സച്ചിദാനന്ദൻ
അമ്മാവന്റെ മോള്‍ക്ക് രണ്ടര വയസ്സ് തികഞ്ഞു.നാളെ ഫേസ്ബുക്കില്‍ ചേര്‍ക്കല്‍ ചടങ്ങാണ്.എല്ലാവരും വരണം...!!!
വീണ്ടും ഒരു ആണ്‍പക്ഷ വിചാരം : “ കാമുകിയും ഭാര്യയും രണ്ട് മഞ്ഞുകട്ടകള്‍ ആണ്..!! ഒന്ന് ലഹരിയായ് എന്റെ ബിയര്‍ ഗ്ലാസ്സിലും മറ്റേത് പനിക്കിടക്കയില്‍ സാന്ത്വനമായ് എന്റെ നെറ്റിത്തടത്തിലും.“ :)
എല്ലാവരും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിധിയും കണ്ട് കണ്ണ് തള്ളി നിക്കുവാണോ കഷ്ടം..!! ആകെ തൊണ്ണൂറായിരം കോടി അല്ലേ ഉള്ളൂ..!!കേരളത്തിലെ രാജാക്കന്മാര്‍ അഞ്ഞൂറുകൊല്ലം കൊണ്ട് ഉണ്ടാക്കിയതിന്റെ ഡബിള്‍ ,ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി,വെറും അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കിയതാ തമിഴ്നാട്ടിലെ ഒരൊറ്റ രാജയും കൂട്ടരും..!!!സ്പെക്ട്രം ഭഗവാനെ ,ഭക്തവത്സലാ, ശ്രീ പത്മനാഭന്റെ നിലവറയെക്കാള്‍ സമൃദ്ധമാണല്ലോ നിന്റെ കലവറ..!!
“നിങ്ങള്‍ പറയുന്നത് മുഴുവന്‍ കള്ളമാണെന്നെനിക്കറിയാം” അവള്‍ ഇന്നലെ ചാറ്റിനിടയില്‍ എന്നോട് പറഞ്ഞു .എനിക്കു പറയണം എന്നുണ്ടായിരുന്നു.ഞാന്‍ ഒരു നുണയാണെന്ന്.ഒരു പാട് നിറങ്ങള്‍ പിടിപ്പിച്ച ഒരു നുണ.പക്ഷെ അതിനു മുന്‍പെ അവളുടെ പ്രണയത്തില്‍ നിന്ന് ഞാന്‍ മോചിപ്പിക്കപ്പെട്ടിരുന്നു.
തിരുത്ത് : “ ജീവിതം ” എന്നത് “ തേങ്ങ ” എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..!! :( :( :(
ഞാന്‍ പോകുന്നു..!! പ്രൊഫൈലിന്റെ നിലവറ ഭദ്രമായി പൂട്ടിയിട്ടിട്ടുണ്ട്...!!!ഇനി അഥവാ വല്ല നിധിയും ഉണ്ടെങ്കിലോ ?
ജോണ്‍ എബ്രഹാം എന്നു കേല്‍ക്കുമ്പോള്‍ മലയാളി ഇപ്പൊള്‍ ഓര്‍ക്കുന്നത് പകുതി പാലക്കാട്ടുകാരനായ മുടി നീട്ടി വളര്‍ത്തിയ ബോളീവുഡ് താരത്തെ ആണ്.അതോടൊപ്പം കുറെ ധൂം മചാലെകളും ബിപാഷയും ഒക്കെ കടന്നു വന്നേക്കാം മനസ്സില്‍.

നമ്മള്‍ നമ്മുടെ പഴയ ജോണിനെ മറന്നു തുടങ്ങിയിരിക്കുന്നു.സാധാരണക്കാരനായി ജീവിച്ച് സാധാരണക്കാരെക്കാളും സാധാരണക്കാരനായി മരിച്ച ജോണ്‍ എബ്രഹാം എന്ന മലയാള സിനിമയുടെ ആ പഴയ ജീനിയസ്സിനെ.

"അമ്മേ എനിക്കിവനെ അറിയാമല്ലോ...”
വാര്‍ത്ത : “എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക് “

“എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ മുസ്ലീങ്ങള്‍ക്ക്“ “എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ ഈഴവര്‍ക്ക്“ എന്നിങ്ങനെ വാര്‍ത്തവരുന്നത് ആലോചിച്ചു നോക്കൂ ! ജാതി വിവേചനവും മത വിവേചനവും പോലെ തന്നെ ആണ് മത്സരപരീക്ഷകളില്‍ ഇങ്ങനെ ലിംഗ വിവേചനം ഉണ്ടാക്കുന്നതും.

( ലേബല്‍:മുണ്ടാണ്ടിരിക്കടാ.!ഒരു പണിയുമില്ലാതെ ഓരോന്ന് ചിന്തിച്ച് എടങ്ങാറാക്കല്ലേ ?)
ഇടറിപ്പെയ്തപ്പോള്‍
ഇടയ്കൊരു തുള്ളി
നെറുകില്‍ വീണതാ...!!!

! ! ! ! ! ! ! !
| | | | | | |
! ! ! ! ! ! ! !
| | | | | | |
! ! ! ! ! ! ! !
| | | | | | |
! ! ! ! ! ! ! !

ഞാന്‍ കുതിര്‍ന്നു പോയി...!! :(
ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ നിശ്ശബ്ദത തന്നെയാണ് ഏറ്റവും നല്ല ഭാഷ...!!! 
ഇന്നലെ പയ്യന്നൂരിലെ അയോധ്യ ഓഡിറ്റോറിയത്തില്‍ വെച്ച് ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍ കേട്ടു .ചുള്ളിക്കാടിന്റെ "ക്ഷമാപണം" മനസ്സിലേക്ക് വന്നു .

" നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവതന്തുക്കള്‍ ആയി വിറ കൊണ്ട്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീത ശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധ ശബ്ദം തലതല്ലി വിളിച്ചുവോ ? "
ചെറുപ്പത്തില്‍ കൂട്ടുകാര്‍ പാടിത്തന്ന “സാറെ സാറെ സാമ്പാറേ“യും,“ജിമിക്ക് ജിമിക്ക് ജാനകി വെള്ളം കോരാന്‍ പോയപ്പൊ“ളും സിനിമക്കാര്‍ കൊണ്ട് പോയി.കയ്യ് നിലത്ത് വെച്ച് പാടി കടം പറഞ്ഞ് കളിച്ച “അരിപ്പൊ തിരിപ്പൊ തോരണി മംഗലം പരിപ്പും പന്ത്രണ്ടാനേം കുതിരെയും“ എടുത്ത് വെച്ച് മറ്റാരോ ആല്‍ബം എടുത്തു.

എന്നാലും നമ്മുടെ പാട്ടൊക്കെ ആരാ കട്ട് കൊണ്ട് പോകുന്നത് ? :(
ഭ്രാന്ത്..!!പ്രണയത്തിനും മരണത്തിനും ഇടയില്‍ പലരും എത്തിപ്പെടുന്നൊരു തുരുത്താണത്.ചങ്കു തുരന്നു വരുന്ന പച്ച വാക്കുകളെ കുടഞ്ഞെറിയുന്ന സ്വാതന്ത്ര്യത്തിന്റെ ഉന്മാദം..!!!
“ഒരുമണിക്കൂര്‍ ഞാനൊന്നുറങ്ങിക്കൊള്ളട്ടെ,
കവിതയുടെ ഇളം നെഞ്ചില്‍ നിന്നും
ഈ കഠാര ഒന്നൂരിയെടുക്കൂ.
ഒരു നിമിഷം ഞാന്‍ ഒന്നുറങ്ങിക്കൊള്ളട്ടെ.
(ഓര്‍മ്മയുടെ കതകുകള്‍
ഭയങ്കര ശബ്ദത്തില്‍
തുറന്നടഞ്ഞു കൊണ്ടിരിക്കുന്നു)“

----- ബാലചന്ദ്രന്‍ ചുള്ളിക്കാട്
 ഇന്നലെ ഒരു സ്റ്റേറ്റ് ബസ്സിലെ വനിതാ കണ്ടക്ടറോട് എനിക്ക് ഏറെ ബഹുമാനം തോന്നി. ഉള്ളിലേക്ക് കയറുന്ന ഓരോ സ്ത്രീകളും പുരുഷയാത്രക്കാരെ അറിയാതെ പോലും സ്പര്‍ശിക്കാതിരിക്കാന്‍ കറന്റ് കമ്പിയുടെ അടുത്ത് പോകുന്നതിനെക്കാള്‍ ഏറെ ജാഗ്രത കാണിക്കുമ്പോള്‍ അവര്‍ എത്ര സ്വതന്ത്രമായാണ് ടിക്കറ്റ് മുറിച്ചുകൊണ്ട് തിരക്കുള്ള ബസ്സിലൂടെ സഞ്ചരിക്കുന്നത്.ആണിനെ മുട്ടിയാല്‍ ഷോക്കടിക്കും എന്നു ചിന്തിക്കുന്ന പെണ്ണുങ്ങള്‍ കൂടിയാണ് കല്പറ്റ നാരായണന്‍ എഴുതിയ പോലെ “അവരുടെ എല്ലാ അവയവങ്ങളും ലൈഗീക അവയവങ്ങള്‍ ആക്കുന്നത്
ഇന്നു കര്‍ക്കിടക വാവ്....!!! മരിച്ചു പോയവരുടെ ഫെയ്സ് ബുക്ക് പ്രൊഫൈലുകള്‍ ഇന്ന് നിങ്ങളെ പോക്ക് ചെയ്താല്‍ അത്ഭുതപ്പെടരുത്....!!!!
വാക്ക് നോമ്പെടുത്തിരിക്കുകയാണ്...!!!ഒരു കവിത കൊണ്ട് മുറിയും വരെ.....!!! നിശ്ശബ്ദമായ വിട...!!! ഒരുമാസം കഴിഞ്ഞ് കാണാം.ഹൃദയപൂര്‍വ്വം നരേന്‍... :)
പണ്ട് ഡെല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലം.ഹരിയാനക്കാരനായ രാജ്കുമാര്‍ എന്നോട് ചൊദിച്ചു “നിങ്ങള്‍ കേരളക്കാര്‍ മത്സ്യം ഭക്ഷിക്കും അല്ലേ “ ഞാന്‍ പറഞ്ഞു “അതെ“.എന്റെ ബംഗാളി സുഹൃത്തിനെ നോക്കി അയാള്‍ പറഞ്ഞു “നല്ല കൂട്ടു തന്നെ.ബംഗാളികളും മത്സ്യം കഴിക്കുമല്ലോ “ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : “അതിനെക്കാള്‍ നല്ല കൂട്ട് നമ്മള്‍ രണ്ട് പേരും കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ്”

ഈ സൌഹൃദ ദിനം വേദനിക്കുന്ന എന്റെ നല്ലവരായ ബംഗാളി സുഹൃത്തുക്കള്‍ക്ക്...!!!
ഇന്നലെ സുഹൃത്ത് ഒരു കടയില്‍ കയറി ജീന്‍സും കുര്‍ത്തയും വാങ്ങി ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു : “നീ ജുബ്ബ ഒക്കെ ആക്കി ബുദ്ധി ജീവിയാകാന്‍ പോവുകയാ അല്ലെ ?”

അവന്‍ പറഞ്ഞു :“അല്ലെടാ ഇതെന്റെ വൈഫിനാ,അവള്‍ ബുദ്ധിജീവിയായ കൊണ്ടുള്ള ഒരൊറ്റ ഗുണം ഇതാണ്.ഒരു ഡ്രസ്സ് വാങ്ങിയാല്‍ രണ്ടാള്‍ക്കും ഉപയോഗിക്കാം.ആണായാലും പെണ്ണായാലും ബുജികള്‍ക്ക് ഒരൊറ്റ യൂണിഫോം ആണ്”

വസ്ത്രധാരണത്തിലും സമത്വം കൊണ്ട് വരാന്‍ ഉള്ള ശ്രമം ആയിരിക്കും.എന്തായാലും ബുദ്ധിജീവിയായാല്‍ ഇങ്ങനെ ചില്ലറ ഗുണങ്ങള്‍ ഉണ്ട്.ചിലവ് ചുരുങ്ങിക്കിട്ടും..!!!
പണ്ടത്തെ പ്രണയം..!!പണ്ട് അടുക്കറപ്പുറങ്ങളില്‍ അവന്‍ അവള്‍ക്കോ അവള്‍ അവനോ കൈവിഷം കൊടുത്തതെന്ന് തര്‍ക്കം മുറുകിയിരുന്നു...!!!

ഇന്ന് ലിവിങ് ടുഗതര്‍,കോ ഹാബിറ്റേഷന്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ മരം ചുറ്റലുകള്‍ മറന്ന് പ്രണയം സൈബര്‍ വസന്തങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഒളിച്ചോട്ടങ്ങള്‍ക്കുമീതെ സാങ്കേതികതകയോടൊപ്പം പ്രണയവും കുതിച്ചു ചാടുന്നു.
സത്യം മാത്രം പറയണം എന്നത് ചെറുപ്പം മുതല്‍ ആവര്‍ത്തിച്ച് പഠിപ്പിച്ച ഒരു കല്ലു വെച്ച നുണ ആയിരുന്നു...

Saturday 22 October 2011

നാളെ സ്വാതന്ത്ര ദിനം.പ്രൊഫൈലിന്റെ വാളുകള്‍ പൊളിച്ച് ഒരു പൂമ്പാറ്റ ഫേസ് ബുക്കിന്റെ പ്യൂപ്പയില്‍ നിന്നും ജീവിതത്തിന്റെ ആകാശത്തിലേക്ക്...!!! വീണ്ടും കാണും വരെ വിട...!!!
റേഡിയോ മാങ്ങയും റേഡിയോ തേങ്ങയും ചാക്ക് കണക്കിനു ഫണ്‍ ദിവസം മുഴുവന്‍ ഇറക്കുമതി ചെയ്ത് നേരം കൊല്ലുമ്പോള്‍ ഞാന്‍ ആ പഴയ ഗൃഹാതുരത്വത്തിലേക്ക് ഇടയ്ക്ക് ചെവി ചേര്‍ത്ത് വെക്കാറുണ്ട്..!!!

"ഈയം ആകാശവാണി സമ്പതി വാര്‍ത്താഹാ ശുയന്താം ബലദേവാനന്ദ സാഗര : "...
ബാംഗ്ലൂരിലെ വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകളില്‍ വെള്ളച്ചാട്ടങ്ങളില്‍ മുപ്പതുപേര്‍ കുളിക്കുന്നുണ്ടാകും.എന്നാല്‍ കേരളത്തില്‍ ആണെങ്കില്‍ നാലുപേര്‍ കുളിക്കുകയും ബാക്കി മുപ്പത്തി ആറുപേര്‍ ചുറ്റും നിന്ന് കുളികാണുകയും ആയിരിക്കും.മലയാളി ഇപ്പൊഴും ഒളിഞ്ഞു നോക്കുകയാണ്.ഈയിടെ ഒരു തീം പാര്‍ക്കില്‍ പോയ അനുഭവമാണ് തുറിച്ചു നോട്ടങ്ങളെയും ഒളിഞ്ഞുനോട്ടങ്ങളെയും കുറിച്ച് എന്നെ ഇങ്ങനെ ഇവിടെ എഴുതിപ്പിക്കുന്നത്...!!!
എണ്‍പതു ശതമാനം പ്രണയങ്ങളും വിവാഹത്തിനു മുന്‍പ് തകരുകയാണ് പതിവ്...!!!ബാക്കി ഇരുപതു ശതമാനം വിവാഹത്തിനു ശേഷവും....!!!! :P
വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നു.നുണകള്‍ പങ്കുവെക്കപ്പെടുന്നു.പ്രണയം ഏറ്റവും വലിയ അഴിമതിയാണ്.ഒരു ലോക്പാലിനും ഉള്‍ക്കൊള്ളാനാവാത്ത വിധം..!!!
എന്റെയും നിന്റെയും ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാല്‍ ഒരു പുതിയ ശലഭമുണ്ടാകുമോ ?
ഞങ്ങള്‍ ഇന്നു കോഫീ ഹൌസില്‍ പോയി.അവള്‍ ഒരു പൊരിച്ചുവെച്ച അയിലയെ പോലെ സുന്ദരിയായിരുന്നു...!!!!


ജീവിതത്തില്‍ ആദ്യമായി കിട്ടിയ സമ്മാനം ഒരു പുസ്തകം ആയിരുന്നു.രണ്ടാം ക്ലാസ്സില്‍ വെച്ച് കഥപറയല്‍ മത്സരത്തിനു രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍.ഒരു പക്ഷെ ഞാന്‍ ആദ്യം മുഴുവനായി വായിച്ച നോവലും അതായിരിക്കും.ഞാന്‍ ഇന്നും ഇഷ്ടപ്പെട്ടു പോകുന്ന പി നരേന്ദ്രനാഥിന്റെ ഈ പുസ്തകം.
ചേക്കേറുന്ന പുതിയ പ്രണയങ്ങളുടെ ജീവനല്ല,കൂടൊഴിഞ്ഞ പഴയ സൌഹൃദങ്ങളുടെ നഷ്ടമാണ് ഞാന്‍.കൂട്ടുകാരാ/കൂട്ടുകാരീ നീ ഒഴിച്ചിട്ട മുറികള്‍ നിറയെ ഇപ്പൊഴും നിന്റെ കാല്പാടുകളാണ്...!!! :(:(


കോളേജില്‍ അവസാനവര്‍ഷമാണ് പ്രശസ്ത കവി ശ്രീ മധുസൂദനന്‍ നായരെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്.അഭിമുഖത്തിനു ശേഷം ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു .“സര്‍ മാഗസിനിലേക്ക് എന്തെങ്കിലും രണ്ടു വരി..!! ആശംസകള്‍ ആയാലും മതി “ .മധുസര്‍ പേനയെടുത്ത് ഇങ്ങനെ കുറിച്ചു തന്നു...!!!
ദൈവമുണ്ടോ ? ഉണ്ടെങ്കില്‍ എന്തായാലും ചെകുത്താനും ഉണ്ടാകും ? ചെകുത്താനും ദൈവമുണ്ടെങ്കില്‍ എനിക്കുറപ്പാണ് കുട്ടിച്ചാത്തനും ഉണ്ടാകും...!!!അപ്പൊ ആനമറുതയും യക്ഷിയും ഒടിയനും ഉണ്ടാകും..!!!അപ്പൊ പിന്നെ മഠത്തിലെ നമ്പൂതിരിയോട് രണ്ട് കുട്ടിച്ചാത്തന്റെ രക്ഷയും ഒരു യന്ത്രവും വാങ്ങിയാലും നഷ്ടം വരില്ല.മൈ ഡിയര്‍ കുട്ടിച്ചാത്താ, എന്നിട്ടും പല ദൈവ വിശ്വാസികളും എന്നോട് പറയുന്നു മന്ത്രവാദം തട്ടിപ്പാണെന്ന്...!!!
ഭഗവാനെ കൃഷ്ണാ,ഭക്ത വത്സലാ,ഈ സ്റ്റാറ്റസ് നൂറ് പേര്‍ ലൈക്കിയാല്‍ ഞാന്‍ നിന്റെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാമേ...!!!
ഫേസ് ബുക്കിനു അഡിക്റ്റ് ആയി പോകുന്നു.ഇനിയിപ്പൊ ഫേസ് ബുക്ക് വെറുത്താലെ രക്ഷയുള്ളൂ..!!ഫേസ് ബുക്ക് വെറുക്കാന്‍ അതിലെ എല്ലാരെയും വെറുപ്പിക്കണം.അപ്പൊ ഇനി മുതല്‍ ജോജിയും ഞാനും അടിച്ചു പിരിഞ്ച്... ജഗടാ..ജഗടാ....!!!!
“ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി” “പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല”“വായീ തോന്ന്യത് കോതയ്ക്ക് പാട്ട്”...:) ഓര്‍ക്കുക ഒരിക്കലെപ്പോഴെങ്കിലും കോരനും കേളനും കോതയും ഇറങ്ങി നടക്കും.പഴഞ്ചൊല്ലില്‍ നിന്നും പതിരുകളുടെ ലോകത്തേക്ക്...... :)
‎"Peace begins with a SMILE " ----- Mother Teresa :):):)
പ്രണയം എന്ന പേരു കണ്ടപ്പൊള്‍ ഇത്രമനോഹരമായ ഒരു പേരില്‍ ഇതുവരെ മലയാളത്തില്‍ ഒരു സിനിമയും വന്നില്ലേ എന്നാണ് ആദ്യം ഓര്‍ത്തത്.ഓരോ ഫ്രെയിമും ഡയലോഗും സിനിമയുടെ മൂഡ് കെടാതെ സൂക്ഷിക്കുന്നുണ്ട്.ഫ്ലാഷ് ബാക്കിലെ ചില രംഗങ്ങള്‍ അരോചകം ആയി തോന്നിയതൊഴിച്ചാല്‍ ബാക്കി ക്യാരക്ടര്‍ സെലെക്ഷനും സംവിധാനവും എല്ലാം മുകവുറ്റതായി.ക്ലൈമാക്സ് ഭദ്രമാക്കാന്‍ ചില മലക്കം മറിച്ചിലുകള്‍ നടത്തിയതില്‍ ചെറിയ അപാകത ഉണ്ടെങ്കിലും ഇന്നത്തെ തലമുറയുടെ സെക്സ് ആണ് പ്രണയം എന്ന നിരീക്ഷണത്തിനു സുന്ദരമായ ഒരു കൊട്ട് കൊടുക്കുന്നുണ്ട് ഈ സിനിമ.
‎"Though the itch in my heart
Grows deeper and deeper
I cannot scratch.

How can I?
My wrists are manacled.
My mind
Is caged
My soul is shackled."

(Oswald Mtshali – from South African Freedom Poems)
‎" Being unwanted, unloved, uncared for, forgotten by everybody, I think that is a much greater hunger, a much greater poverty than the person who has nothing to eat. " --- Mother Teresa
Close Eyes to Exit : ഒരു നല്ല കാപ്ഷനു വേണ്ടി തിരഞ്ഞപ്പോള്‍ ഗൂഗിള്‍ തന്ന ചിത്രം.എത്ര വന്യമായ ആശയം.ഒന്നു കണ്ണടച്ചാല്‍ മതി..!! എത്ര വിലങ്ങുകള്‍ക്കുള്ളില്‍ നിന്നും ഏത് ജയിലറക്കുള്ളില്‍ നിന്നും നമ്മളെ ഭാവന പുറത്തെത്തിക്കും.പിന്നെ ആകാശങ്ങള്‍ നമ്മുടേതാകും.പുഴകള്‍ നമ്മുടേതാകും.പര്‍വ്വതങ്ങള്‍ നമ്മുടേതാകും.ഞാനും ഈ മോണിറ്ററില്‍ നിന്നു പുറത്തു കടക്കുകയാണ്.വന്യമായ സ്വാതന്ത്ര്യത്തിലേക്ക്....!!!വീണ്ടും കാണും വരെ വിട.
.
.
.

ഒരു നിമിഷം സ്നേഹിതാ നിങ്ങളും ഒന്നു കണ്ണടച്ചു നോക്കൂ.
അന്ന് ആദ്യമായ് കിട്ടിയ ശമ്പളവും പോക്കറ്റിലിട്ട് സിറ്റി ഹോട്ടലില്‍ കയറിയത് ഇപ്പൊഴും ഓര്‍മ്മയുണ്ട്.അന്നാണ് മനസ്സിലായത് വിയര്‍പ്പിന് പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും രുചിയാണെന്ന് ...!!!
ഇന്നലെ മൊബൈലില്‍ SMS വന്നു :"Congatulations.You have won 1,000,000.00 GBP in the T-Mobile UK 2011 Mobile Draws." അപ്പൊ ഇനി നമ്മള്‍ കണ്ടെന്നു വരില്ല.എന്റെ സ്റ്റാറ്റസുകള്‍ ലൈക്കിയവര്‍ക്കെല്ലാം ഞന്‍ ലണ്ടനില്‍ ചെന്ന് ബ്രിട്ടീഷ് പൌണ്ട് അയച്ചു തരാം.കമന്റ് ലൈക്കാത്ത എല്ലാ..മ..മ..മ..അല്ലേല്‍ വേണ്ട മത്തങ്ങത്തലയന്‍മാര്‍ക്കും വിട...!!!

പുസ്തകമേള..!!


ഇന്നലെ സുഹൃത്തിനൊപ്പം ഒരു പുസ്തകമേളയില്‍ പോയി.ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് ചായ വാങ്ങിത്തരാം എന്ന അവന്റെ പ്രലോഭനത്തോടൊപ്പം അവന്‍ എഴുതിയ ഒരു പുസ്തകം അവിടെ ഉണ്ട് എന്നത് കൂടി ആയിരുന്നു പോയതിനു പിന്നിലെ ചേതോ വികാരം.


         നിറയെ പുസ്തകങ്ങള്‍.എംടി തകഴി അരുന്ധതി റോയി എല്ലാവരുടെയും ഉണ്ട്.മുന്നിലൂടെ അല്പം ബുദ്ധിജീവി നാട്യത്തില്‍ പലരും പുസ്തകങ്ങള്‍ തുറന്നു നോക്കുന്നു.  ഏതൊ ഒരു സുന്ദരി ബുജിയുടെ മുന്നിലൂടെ ഓര്‍ഹാന്‍ പാമുക്ക്,കസാന്‍സാക്കിസ്,മരിയോ വര്‍ഗാസ് ലോസ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മറിച്ചു നോക്കി നമ്മള്‍ ഇന്റര്‍നാഷണല്‍ റോമിങ്ങാണെന്ന് വരുത്തിത്തീര്‍ത്ത് ഞാനും അവനും പതുക്കെ നടന്നു.


          പെട്ടെന്നവന്‍ എന്നെ തൊട്ട് വിളിച്ചു : “ഡാ,അവള്‍ ഞാനെഴുതിയ പുസ്തകം എടുക്കുന്നു” ഞാനും ഞെട്ടി.എം ടിയെയും ബഷീറിനെയും മാര്‍ക്കേസിനെയും പൌലോ കൊയ്ലോയെയും പോലും ഒഴിവാക്കി ആ സുന്ദരി ബുജി എന്റെ കൂടെ നടക്കുന്ന സുഹൃത്തിന്റെ പുസ്തകം എടുത്തിരിക്കുന്നു.


         അവന്‍ നെഞ്ച് വിരിച്ചു നിന്നു.അവള്‍ എല്ലാ പുസ്തകവും നോക്കി അവന്റെ പുസ്തകവുമായി കൌണ്ടറിലേക്ക് നടന്നു.അവന്‍ എന്നോട് പറഞ്ഞു : “എടാ,കണ്ടോ ഇപ്പഴത്തെ പെണ്‍കുട്ടികള്‍ പുതുകവിത ഇഷ്ടപ്പെടുന്നു.” .ഞാനും അവനും അവളുടെ പിന്നാലെ കൌണ്ടറില്‍ എത്തി. തന്നെ കാണുമ്പോള്‍ പുസ്തകത്തിലെ കവിയുടെ ഫോട്ടോ കണ്ട് പിന്നില്‍ നില്‍കുന്ന തന്നെ അവള്‍ തിരിച്ചറിയും എന്നവന്‍ കരുതി.അവള്‍ അത്ഭുതപ്പെട്ട് തന്റെ പ്രീയപ്പെട്ട കവിയെ നോക്കുമ്പോള്‍ തിരിച്ച് ചിരിക്കേണ്ട പുഞ്ചിരി അവന്‍ ഓര്‍ത്ത് വെച്ചു.അവള്‍ പുസ്തകം കൌണ്ടറിലിരിക്കുന്ന ആള്‍ക്കു നേരെ നീട്ടി.ഞങ്ങള്‍ അവള്‍ വല്ലതും പറയുന്നുണ്ടോ എന്ന് കാതോര്‍ത്തു :


കൌണ്ടറിലിരിക്കുന്ന ആള്‍ : “അനൂ ഈ പുസ്തകം മതിയോ “
അവള്‍ :“രാഘവേട്ടാ,ഇതില്‍ കുറഞ്ഞ വിലയുള്ള വല്ലതും ഉണ്ടോ ?”
കൌ ആ :“ഇല്ല മോളേ,ഇതാ ഏറ്റവും കുറഞ്ഞത് മുപ്പത്തി അഞ്ച് രൂപ”
അവള്‍ :“എന്നാല്‍ ഇതു മതി.ചുറ്റിക്കറങ്ങി എല്ലാ പുസ്തകവും വായിച്ച് ഒന്നും വാങ്ങാണ്ട് പോയീ എന്ന് അന്നത്തെ പോലെ രാഘവേട്ടന്‍ പറയാണ്ടിരിക്കാനാ “


എനിക്കും ചിരിവന്നു.അയാള്‍ ആ പുസ്തകം ഒരു കവറില്‍ പൊതിഞ്ഞ് അവള്‍ക്ക് നല്‍കുന്നത് അവന്‍ ഒരു കബറടക്കം നോക്കി നില്‍ക്കുന്നത് പോലെ ഒന്നും പറയാതെ കണ്ട് നിന്നു.

ഞാന്‍ സുഹൃത്തിനോട് പറഞ്ഞു : “വാ നമുക്ക് കോഫീ ഹൌസില്‍ പോയി ഒരു വിത്തൌട്ട് ചായ കുടിക്കാം ക്ഷീണം മാറട്ടെ”

ഇന്റര്‍നെറ്റ് കൊണ്ട് കൂടി ആണത്രെ ജാസ്മിന്‍ റവല്യൂഷന്‍ (മുല്ലപ്പൂ വിപ്ലവം) ഉണ്ടായത്. ഈ പോക്ക് പോയാല്‍ നമുക്കിവിടെ ഒരു ഷുഗര്‍ റെവല്യൂഷന്‍ (പഞ്ചാര വിപ്ലവം) നടക്കും.
ഇന്ന് യുക്തിവാദി കണ്ണൂര്‍ജില്ലാ സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ ശ്രീ യു.കലാനാഥന്‍ ഒരു വെല്ലുവിളി നടത്തി.ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ അമ്പത് ലക്ഷം രൂപ തരാം എന്ന്.ആരുടെ എങ്കിലും കയ്യില്‍ തെളിവുണ്ടെങ്കില്‍ ഒന്നു തരണേ.പൈസക്ക് നല്ല ബുദ്ധിമുട്ടുണ്ട്.കമ്മീഷന്‍ തരാം...!!!
ഇന്ന് ഗാന്ധി ജയന്തി ആഘോഷവും കഴിഞ്ഞ് ഓഫീസില്‍ നിന്ന് ട്രെയിനില്‍ വരികയായിരുന്നു.ഒരു ബെര്‍ഗര്‍ കഴിച്ചു തീരാറായിരിക്കുന്നു,മറ്റൊന്നു കയ്യില്‍ സൂക്ഷിച്ചു കൊണ്ട് ഞാന്‍ മലയാളം വാരികയില്‍ മുഴുകിയിരിക്കുക ആണ് .അപ്പോഴാണ് ഒരു കൊച്ചു പെണ്‍കുട്ടി എന്റെ നേരെ കൈ നീട്ടിയത്.കറുത്തു മെലിഞ്ഞ ഏകദേശം ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നാടോടി പെണ്‍കുട്ടി.കണ്ണു നീരൊഴുകി കവിളില്‍ പറ്റിപ്പിടിച്ച പാടും അതിന്റെ മുഖവും കണ്ടപ്പോള്‍ അത് രണ്ട് ദിവസമായി ഭക്ഷണം കണ്ടിട്ടു പോലുമില്ലെന്ന് എനിക്ക് തോന്നി.പിന്നെ അത് മനസ്സിലാവാത്ത ഭാഷയില്‍ എന്റെ കയ്യിലേക്ക് നോക്കി ബര്‍ഗര്‍ തരുമോ എന്ന് ചോദിച്ചു.ഞാന്‍ അതിനെ രൂക്ഷമായി ഒന്നു നോക്കി.പോകാന്‍ കൂട്ടാക്കാതെ അത് ഉറക്കെ എന്റെ കയ്യിലുള്ള ഭക്ഷണത്തിനായി കെഞ്ചുകയാണ്.അവളുടെ ശബ്ദം ഒരു ശല്യമാകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ഐ പോഡിന്റെ ഇയര്‍ഫോണ്‍ എന്റെ രണ്ട് കാതുകാളിലും തിരുകി ജഗ്ജിത് സിങ്ങിന്റെ ഒരു ഗസലിലേക്ക് കണ്ണടച്ചു.അവള്‍ ഇപ്പോള്‍ പോയിരിക്കുമോ.എന്തായാലും നാളെ ഫേസ് ബുക്കില്‍ പട്ടിണിയെക്കുറിച്ച് ഒരു സ്റ്റാറ്റസ് ഇടണം.നമ്മള്‍ ബുദ്ധിജീവികള്‍ക്ക് ഇതൊക്കെ അല്ലേ പറ്റൂ...!!! 
മാതൃഭൂമി ഓണപ്പതിപ്പില്‍ ചുള്ളിക്കാട്,നികേഷ്,രഞ്ജിനി ജോസ് അങ്ങനെ കുറച്ച് പേര്‍ തമ്മിലുള്ള ചര്‍ച്ച ആയിരുന്നു ഒരു പംക്തി.അതിലെ സംഭാഷണങ്ങളില്‍ കൌതുകം തോന്നി.

ഒരു സ്ത്രീ ജന്മം : ഭര്‍ത്താവുമായി പങ്കുവെക്കാനാകാത്ത ചിലപ്പോള്‍ നമുക്ക് മറ്റ് അടുപ്പമുള്ള ചിലരുമായി പങ്കു വെക്കാന്‍ കഴിയും.അത്തരം റിലേഷനുകള്‍ കൊണ്ട് നടക്കുന്നതില്‍ തെറ്റില്ല.

മറ്റൊരു പുണ്യ ജന്മം : അത്തരം റിലേഷനുകള്‍ ശാരീരികബന്ധങ്ങളിലെത്തുന്നതിനെയും തെറ്റു പറയാനാകില്ല.റേപ്പ് ഒന്നുമല്ലല്ലോ.മാനസീക അടുപ്പം കൊണ്ടല്ലേ...!!!

(വാല്‍ക്കഷണം : ഇതിന്റെ മോളീക്കേറി വല്ല അഭിപ്രായവും പറഞ്ഞാല്‍ ഞാന്‍ സ്ത്രീവിരുദ്ധനും പിന്തിരിപ്പനും മൂരാച്ചിയുമൊക്കെ ആകും.അതു കൊണ്ട് ഇത്രമാത്രം : “സ്ത്രീ ജന്മം പുണ്യ ജന്മം” )
‎"എന്നും കളവുര ചെയ്യും വിണ്ണിന്‍
കണ്ണില്‍ നിന്നൊരു ജലബിന്ദു.
പൊട്ടിച്ചിതറി അണഞ്ഞൂ മണ്ണില്‍
പെട്ടെന്നൊരു പെരുമഴ പെയ്തു..!!"

ഇത് ആരുടെ കവിത ആണെന്നറിയുന്നവര്‍ പറഞ്ഞു തരിക.നാലാം ക്ലാസ്സില്‍ പഠിച്ച 'വേനലില്‍ ഒരു മഴ' എന്ന ഈ കവിതയോടെന്തോ ഇപ്പോള്‍ ഇഷ്ടം തോന്നുന്നു. "സത്യം പറയാന്‍ തേങ്ങീ ഗഗനം, നിര്‍ത്തീ വണ്ടുകള്‍ മൃദുഗാനം." :) :) :)
ഇന്ന് ഉഗാണ്ടയുടെ സ്വാതന്ത്ര്യ ദിനം,ലോക പോസ്റ്റല്‍ ദിനം,ചെഗുവേര രക്തസാക്ഷിദിനം,പിന്നെ....!!!

ഒരു കാലത്ത് അമ്പലത്തില്‍ നിന്നും കൊണ്ടുവരുന്ന അരിപായസത്തിന്റെ മധുരമായിരുന്നു ജന്മദിനത്തിന്.മലയാള മാസവും നാളും നോക്കി പായസമുണ്ടാക്കി അയല്‍ വീട്ടുകാര്‍ക്കൊപ്പം പങ്കുവെക്കുന്ന ആ ദിവസമെത്താന്‍ ചിലപ്പൊഴെങ്കിലും കാത്തിരുന്നിട്ടുണ്ട്.ഇന്ന് ഓര്‍ക്കുട്ടും ഫേസ് ബുക്കും വിളിച്ചു പറഞ്ഞ് ആളെ കൂട്ടിക്കൊണ്ടു വന്ന് വാളിലും സ്ക്രാപ്പിലു മൊബൈലിലുമായി ബെര്‍ത് ഡേ സന്ദേശങ്ങള്‍ നല്‍കുമ്പോഴാണ് ഒരു പക്ഷെ ഇങ്ങനെ ഒരു ദിവസം വന്നതായി അറിയുന്നത് തന്നെ.ബഷീറിന്റെ ഏറ്റവും മനോഹരമായ ജന്മദിനം എന്ന കഥ ഒരിക്കല്‍ കൂടി വായിച്ചിട്ടു വരാം.സ്നേഹിതരേ,വിട..!!!
എല്ലാം കഴിയുമ്പോള്‍ ഒടുവില്‍ ഉത്തരമില്ലാതെ ഒരു ചോദ്യം ബാക്കി ആകുന്നു.

" എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായതാണോ ? "

തത്കാലം വിട !! സുഹൃത്തുക്കളെ, വീണ്ടും കാണും വരെ ;)
“നമ്മള്‍ അപരിചിതരായിരിക്കാം.പക്ഷെ ലോകത്ത് എവിടെ എങ്കിലും അനീതി നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ നിങ്ങളുടെ ഹൃദയം തുടിക്കുന്നുവെങ്കില്‍ നമ്മള്‍ സഖാക്കളാണ്” --- ചെ ഗുവേര
.
(ഒക്ടോബര്‍ ഒന്‍പത് ചെ രക്തസാക്ഷിദിനം,അന്നു തന്നെ ആണ് എന്റെ ജന്മദിനവും .ആ ദിവസം ലോകം മുഴുവന്‍ സാമ്രാജ്യത്വ വിരുദ്ധ ചിന്തകള്‍ കൊണ്ട് ചുവക്കുമ്പോള്‍ ഞാന്‍ എങ്ങനെ അഹങ്കരിക്കാതിരിക്കും)
പണ്ടൊക്കെ സുഖമായിരുന്നു.രാവിലെ എഴുന്നേറ്റ് പശുവീനെ കറക്കണം.അത്യാവശ്യം തെങ്ങിനൊക്കെ തടമെടുക്കണം,വെള്ളമൊഴിക്കണം.പിന്നെ ചന്തയില്‍ കൊണ്ട് പോയി പച്ചക്കറി വിക്കണം..!!ഇപ്പൊ അതാണോ സ്ഥിതി...രാവിലെ മുതല്‍ വൈകുന്നേരം വരെ ഫേസ് ബുക്കില്‍ ഇന്ന് പുതിയ എന്ത് സ്റ്റാറ്റസ് ഇടണം എന്നാണ് ചിന്ത.ഇനി സ്റ്റാറ്റസ് ഇട്ടാലോ ഓരോ അരമണിക്കൂറും കേറി വല്ലവനും ലൈക്കിയോ കമന്റിയോ എന്നു നോക്കണം.ഇനി വല്ലവനും കമന്റിയാലോ അതിനെ പിടിച്ച് ലൈക്കുകേം വേണം.(ഇന്നലെ കുഞ്ഞിരാമേട്ടന്‍ പറഞ്ഞത് : “ മോനേ, ഒരു കുട്ടീനെ വളര്‍ത്തുന്നതിനേക്കാള്‍ വലിയ ജോലിയാ ഒരു എഫ് ബി പ്രൊഫൈല്‍ മെയിന്റയിന്‍ ചെയ്യുന്നത് “ )
“ആയുധം പൂജയ്ക്ക് വെച്ചില്ലേ“ എന്ന് അവള്‍ .“എന്നെ ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിച്ച ആയുധം നിന്റെ കണ്മുനകള്‍ അല്ലേ.അത് എന്നും പൂജിക്കാറുണ്ട് “ എന്ന് ഞാന്‍ ...!!!
രൂപങ്ങളില്ലാത്തതു കൊണ്ടാണോ സ്നേഹിതാ, നമുക്ക് ഇവിടെ എളുപ്പം നിറം മാറാന്‍ കഴിയുന്നത്.


(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)
മരണവും മഴയും പ്രണയവും ആഘോഷമാകുന്ന ഓണ്ലൈന് ലോകത്തിന്റെ മറ്റൊരു മായികമായ വാക്കാണ് “ഭ്രാന്ത്”.ഭ്രാന്താലയം എന്ന വാക്ക് കൊണ്ട് കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ വിവേകാനന്ദന് ക്ഷുഭിതനാവുമ്പൊള് നാറാണത്ത് ഭ്രാന്തനിലൂടെ മലയാളം ആ വാക്കിനെ ജീവിത തത്വങ്ങളിലേക്ക് വിവര്ത്തനം ചെയ്യുന്നു.മധുസൂദനന് നായര് നാറാണത്ത് ഭ്രാന്തന് എന്ന കവിതയിലൂടെ മലയാളികളുടെ മനസ്സിലേക്ക് അക്ഷരങ്ങള് കൊണ്ട് ഭ്രാന്തിന്റെ കിനാവുകള് നിറച്ച് കവിതയുടെ ഉന്മാദം തന്നു.ലോകത്തിലെ പല പ്രതിഭകളും ഭ്രാന്തിന്റെ മാസ്മരിക ലോകത്തില് വിഹരിച്ചവരാണെന്നത് എന് പി സജീഷ് ന്റെ ഉന്മാദം എന്ന പുസ്തകത്തിലൂടെയാണ് ഞാന് പരിചയപ്പെട്ടത്.ഹെമിങ് വേയും,വാന് ഗോഗും,ഡാലിയും എന്തിന് നമ്മുടെ പ്രീയപ്പെട്ട ബഷീര് പോലും ഒരിക്കല് ഭ്രാന്തിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചവരായിരുന്നു.”Madness is the only freedom in a compltely sane world“ എന്ന് പറഞ്ഞത് ആരായാലും ചങ്ക് തുരന്നു വരുന്ന പച്ച വാക്കുകളെ സമൂഹത്തിന്റെ അബോധമനസ്സിലേക്ക് കുടഞ്ഞെറിയുന്ന സ്വാതന്ത്ര്യം തന്നെ ആണ് ഭ്രാന്ത് എന്ന് ചിലപ്പൊഴെങ്കിലും നമ്മള് തിരിച്ചറിയാതിരിക്കില്ല.പക്ഷെ മലയാളത്തില് ഒരു പക്ഷെ ഏറ്റവും മനോഹരമായി മുറിവേല്ക്കാതെ ഭ്രാന്തിനെ ചിത്രീകരിച്ച വാക്ക് മുരുകന് കാട്ടാക്കടയുടേതാണെന്നു തോന്നുന്നു.പദ്മതീര്ഥക്കുളത്തിലെ ഭ്രാന്തനെ അദ്ദേഹം നോക്കുന്നത് ഇങ്ങനെയാണ് “ബോധവീണക്കമ്പി പൊട്ടിയോന്.മന്തിടംകാല് വലം കാലേറ്റുവാങ്ങിയൊരു വരരുചി പുത്രന്നു പിന്പറ്റിയോന്“ എന്ന്.ബോധവീണക്കമ്പിപൊട്ടിയോന് എന്നതിനേക്കാള് മനോഹരമായി ഭ്രാന്തിനെ പിന്നെങ്ങിനെയാണ് വിളിക്കുക.ബോധം ഒരു സംഗീതമായിരിക്കണം.ഒരു മനോഹരമായ ഗാനം പോലെ.
പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് കഴിഞ്ഞു പോയ കാലത്തിലേക്ക് തിരിച്ചു പോകാനാവുമത്രെ.പ്രകാശത്തെക്കാള്‍ വേഗം സഞ്ചരിക്കുന്നുണ്ടാവണം മനസ്സ്,അല്ലെങ്കില്‍ നമുക്കെങ്ങനെയാണ് ഭൂതകാലത്തെ ഓര്‍ത്തെടുക്കാനാവുക.
പോകുന്നു..!!! ഇനി ഒറ്റവരിപ്പാതകളില്‍ യാത്ര തുടരാം നമുക്ക് ,ഒരിക്കലും കൂട്ടിമുട്ടാതെ...!!!വിട..!! വീണ്ടും കാണും വരെ...!! :)
എല്ലായിലയും അടര്‍ന്ന് മരം അതിന്റെ വിത്തുപോലെ നഗ്നമാകുന്ന ഒരു കാലമുണ്ട്...!!!അന്ന് വേരുകളിലൂടെ വലിച്ചെടുക്കുന്ന ഓര്‍മ്മകളാണ് പിന്നീട് വസന്തത്തില്‍ പൂക്കളാകുന്നത്. :)
‎"You and I will meet again
When we're least expecting it
One day in some far off place
I will recognize your face
I don't know how, I don't know when
But you and I will meet again" ---- Tom Petty

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തു വെച്ച് നമ്മള്‍ ഒരിക്കല്‍ കൂടി കണ്ടുമുട്ടുമായിരിക്കും.അന്ന് ഞാന്‍ നിന്റെ മുഖം തീര്‍ച്ചയായും തിരിച്ചറിയും.എപ്പൊഴെന്നും എങ്ങനെയെന്നും എനിക്കറിയില്ല.പക്ഷെ ഒന്ന് ഉറപ്പാണ്.നമ്മള്‍ ഒരിക്കല്‍കൂടി കണ്ട് മുട്ടും.അതുകൊണ്ട് പ്രിയ സ്നേഹിതാ,ഞാന്‍ വിടപറയുന്നില്ല